1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2021

സ്വന്തം ലേഖകൻ: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കൻ ​തിമോറിലെയും നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ആയിരങ്ങൾക്ക്​ വീടു നഷ്​ടപ്പെട്ടിട്ടുമുണ്ട്​. സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ്​ രാജ്യത്തെ മുക്കിയത്​.

തുടർച്ചയായി പെയ്​ത മഴയിൽ നിരവധിയിടങ്ങളിൽ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്​തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്​. വീടുകൾ തകർന്ന്​ മൺകൂനകളായതും മരങ്ങൾ നിലംപറ്റിയതും രക്ഷാ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്​. 70 പേരെ കാണാതായെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കിഴക്കന്‍ ഇൻഡൊനീഷ്യയിലെ ഫ്‌ളാര്‍സ് ദ്വീപ് മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും മൂലം അണക്കെട്ടുകള്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് വീടുകളില്‍ വെള്ളം കയറിയത്.

പ്രതികൂല കാലാവസ്ഥ തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഭക്ഷണത്തിന്റേയും മറ്റ് അവശ്യവസ്തുക്കളുടേയും നീക്കത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കനത്ത മഴയും വെള്ളപ്പാച്ചിലും മൂലം രക്ഷാസേനയ്ക്ക് വിദൂരപ്രദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രയാസം നേരിട്ടിരിക്കുകയാണ്. വീടുകളും പാലങ്ങളും റോഡുകളും ചെളി നിറഞ്ഞിരിക്കുകയാണ്.

ഗുരുതരമായി ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളെ സമീപ ഗ്രാമങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഫ്‌ളാര്‍സിനും ടിമോറിനും ഇടയിലുള്ള ലെംബാതയില്‍ ഒരു മലഞ്ചെരുവ് ഗ്രാമത്തിലെ ഒട്ടു മിക്ക വീടുകളും തകര്‍ന്ന് താഴേക്ക് പതിച്ചതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ഗ്രാമത്തിലെ ജനങ്ങള്‍ ചെളിയിലൂടെ നടന്ന് സുരക്ഷിത സ്ഥാനങ്ങള്‍ തേടി പോകുന്നതിന്റെ ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.