1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.

സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രൈമറിതലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാൻ ഇടയില്ലെന്നാണ് സൂചന. ഒന്‍പതു മുതലുള്ള ക്ലാസുകളില്‍ അധ്യയനം ആരംഭിക്കുന്നതാണ് നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ തല്‍കാലം അനുമതി നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചു. നിലവില്‍ സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ ഇരുന്നു മദ്യപിക്കാനുള്ള അനുമതിയില്ല. പാഴ്‌സല്‍ സൗകര്യം മാത്രമാണുള്ളത്. ബാറുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാത്രമല്ല, സെപ്റ്റംബര്‍ 30-നകം 18 വയസ്സുപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 82 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.