1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2022

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷമായി നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വീസ പുനരാരംഭിക്കാനുള്ള തീരുമാനവുമായി കുവൈത്ത്. രണ്ടു വര്‍ഷത്തിലേറെയായി നിരോധനം ഏര്‍പ്പെടുത്തിയിരുന്ന വിസിറ്റ് വിസകള്‍ക്ക് മെയ് ഒന്‍പത് മുതല്‍ അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ കമേഴ്സ്യല്‍ വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസിറ്റ് വിസകളും മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, ഈദ് അല്‍ ഫിത്ര്‍ പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ട പശ്ചാത്തലത്തിലാണ് ഫാമിലി വിസിറ്റ് വിസകള്‍ക്കും അനുവാദം നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതെന്ന് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാവുന്ന തീരുമാനമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് കാരണം നാട്ടിലേക്ക് വരാനോ കുടുംബാംഗങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരാനോ കഴിയാതെ നിരവധി പേര്‍ ദുരിതത്തിലായിരുന്നു. വേനലവധി അവസാനിക്കുന്നതിന് മുമ്പ് വിസിറ്റ് വീസ അനുവദിക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാവും.

അതേസമയം, വീസ അപേക്ഷിക്കുന്ന വ്യക്തിയുടെ യോഗ്യത അനുസരിച്ചായിരിക്കും കുടുംബ വിസിറ്റ് വീസ അനുവദിക്കുക. അപേക്ഷകന്റെ ശമ്പളം, ജോലി, രാജ്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. നിലവില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഉത്തര കൊറിയ, പാകിസ്ഥാന്‍, സിറിയ, യമന്‍ എന്നീ രാജ്യക്കാര്‍ക്ക് ഫാമിലി വിസിറ്റ് വീസയ്ക്ക് അപേക്ഷിക്കുന്നതിന് നിയന്ത്രണമുണ്ട്. മുന്‍കൂര്‍ അനുമതി എടുത്ത ശേഷം മാത്രമേ ഇവര്‍ വിസിറ്റ് വീസയ്ക്ക് അപേക്ഷിക്കാവൂ എന്നാണ് വ്യവസ്ഥ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.