1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2022

സ്വന്തം ലേഖകൻ: ഒരു കോടിയോളം വിദേശികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന രാജ്യം കൂടിയായി സൗദിയെ കണക്കാക്കുന്നു. വിദേശികളുടെ എണ്ണം കുറയ്ക്കാനും സ്വദേശികള്‍ക്ക് കൂടുതലായി ജോലി അവസരങ്ങള്‍ ഒരുക്കാനും സൗദി ഭരണകൂടം സൗദിവത്കരണം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. സൗദിയിലുള്ള ഒരു കോടിയോളം വരുന്ന വിദേശികളില്‍ 28 ലക്ഷമാണ് ഇന്ത്യക്കാരുടെ എണ്ണം. 150 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്.

സ്വദേശിവത്കരണം 2030 ആകുമ്പോഴേക്കും സമ്പൂര്‍ണമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനിടെയിലാണ് സൗദിയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. സൗദിയില്‍ നിന്ന് പ്രവാസികള്‍ പണം അയക്കുന്നത് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സൗദി സെന്‍ട്രല്‍ ബാങ്ക് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ഒക്ടോബര്‍ മാസം ആകെ അയച്ചത് 1,124 കോടി റിയാല്‍ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിദേശികള്‍ 1,120 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനുശേഷം സ്വന്തം നാടുകളിലേക്ക് വിദേശികളുടെ പണം അയക്കുന്നതില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറവാണ് ഒക്ടോബര്‍ മാസത്തിലേത്.

ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള 10 മാസക്കാലത്ത് 12,266 കോടി റിയാലാണ് പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. 2021 ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആദ്യത്തെ 10 മാസം പ്രവാസികള്‍ 12,980 കോടി റിയാല്‍ സ്വന്തം നാടുകളിലേക്ക് അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് 2022 ല്‍ വിദേശികള്‍ അയച്ച പണത്തില്‍ 714 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ സെപ്തംബറില്‍ 1,133 കോടി റിയാല്‍ ആണ് സൗദിയിലെ പ്രവാസികള്‍ മാതൃരാജ്യത്തേക്ക് അയച്ചിരിക്കുന്നത്. 2021 സെപ്തംബറുമായി കണക്കാക്കുമ്പള്‍ ഈ സംഖ്യ വളരെ കുറഞ്ഞുവരികയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 1,335 കോടി റിയാലാണ് സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചിരുന്നത്. നിയമപരമായ വഴികളിലൂടെ നാട്ടിലേക്ക് പ്രവാസികള്‍ അയച്ച പണത്തിന്റെ കണക്കുകളാണിത്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മണി എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴിയുള്ള ഇടപാടുകളാണിത്. അല്ലാത്ത വഴിയും പ്രവാസികള്‍ പണം നാട്ടിലേക്ക് അയക്കുന്നുണ്ട്. എന്നാല്‍, ഇവയൊന്നും നിയമപരമല്ല. മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരവുമാണ്.

സൗദിയില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ പ്രത്യേക ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഒട്ടേറെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ചു. മറ്റുപല ജോലികളിലും സ്വദേശികളുടെ നിശ്ചിത എണ്ണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതോടെ ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. എന്നാല്‍, വിദേശികളെ പൂര്‍ണമായി തഴഞ്ഞുകൊണ്ട് സൗദിക്ക് മുന്നോട്ടു പോകാനാവില്ല. നേരത്തെ വിദേശികള്‍ കൂടുതല്‍ ജോലി ചെയ്തിരുന്ന ഡ്രൈവിങ് മേഖലയിലെ ജോലി അവസരം കുറഞ്ഞിട്ടുണ്ട്.

വിദേശികള്‍ മുമ്പ് ജോലി ചെയ്തിരുന്ന മേഖലകളില്‍ സ്വദേശികളെ നിയമിച്ചതോടെ നിരവധി പ്രവാസികള്‍ക്കാണ് ജോലി നഷ്ടമായത്. മറ്റു പല മേഖലകളിലും ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കി വരികയാണ്. അതിനാല്‍ തന്നെ സൗദി വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാനുള്ള പ്രവണത വിദേശികള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ സൗദിയില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ പ്രവാസികളുടെ പണം ഒഴുക്ക് ഇനിയും കുറയാനിടയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.