1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2022

സ്വന്തം ലേഖകൻ: യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ്(34) ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. വിദഗ്ധ പരിശോധനയിൽ തലയിൽ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച കുഴഞ്ഞു വീണ നിമ്യയെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. ജനുവരി അവസാനത്തോടെയാണ് ഈസ്റ്റ് സസെക്സിലെ ബെക്സ്ഹിൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ നിമ്യ ജോലിയിൽ പ്രവേശിച്ചത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജും മൂന്നര വയസ്സുകാരനായ മകനും അടുത്തിടെയാണ് യുകെയിൽ എത്തിയത്.

സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബവും നിമ്യയുടെ തിരിച്ചു വരവിനായി പ്രാർഥനയോടെ കാത്തിരുന്നുവെങ്കിലും എല്ലാ പ്രാർഥനകളും വിഫലമാക്കിയാണ് നിമ്യ മരണത്തിന് കീഴടങ്ങിയത്. സംസ്കാരം പിന്നീട് നാട്ടിൽ.

നോര്‍ത്താംപ്ടന് അടുത്ത ഡാവന്‍ട്രിയില്‍ ഒന്നര പതിറ്റാണ്ടിലേറെ ആയി താമസിച്ചുവരുന്ന തിരുവല്ല കറ്റാനം സ്വദേശിയായ വിജയ് ചാക്കോയുടെ (അജയ്‌) (48) മരണവും കഴിഞ്ഞ ദിവസമാണ് യുകെ മലയാളികളെ ഞെട്ടിച്ചത്. ഏതാനും മാസങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയ് ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍ ക്‌നാനായ പള്ളി ഇടവക അംഗമാണ്. വിജയിന്റെ മരണ വര്‍ത്തയറിഞ്ഞു വിശ്വാസ സമൂഹത്തില്‍ നിന്നുള്ള സുഹൃത്തുക്കളും വീട്ടിലെത്തി പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.

ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്ന വിജയ് ഏതാനും വര്‍ഷം മുന്‍പ് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് കടക്കുക ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. ഏതാനും മാസമായി രോഗനില അല്‍പം വഷളായതിനെ തുടര്‍ന്ന് പൂര്‍ണമായും ചികിത്സയെ ആശ്രയിക്കേണ്ട സാഹചര്യവും ആയിരുന്നു. സംസ്‌കാര കര്‍മ്മങ്ങള്‍ ജന്മനാട്ടില്‍ എത്തിച്ചു പൂര്‍ത്തിയാക്കുവാനുള്ള ആലോചനയാണ് ഇപ്പോള്‍ കുടുംബം എടുത്തിരിക്കുന്നത്.

ചിങ്ങവനം സ്വദേശിയായ നിഷയാണ് ഭാര്യ. രണ്ടു പെണ്‍കുട്ടികളാണ് നിഷയ്ക്കും വിജയിനുമുള്ളത്. മൂത്ത മകള്‍ എ ലെവലിലും ഇളയ കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. പരേതന്റെ ആത്മ ശാന്തിക്കായി ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടില്‍ ബര്‍മിങ്ഹാം ഇടവക വികാരി ഫാ. സജി അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.