1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2022

സ്വന്തം ലേഖകൻ: ഇന്റര്‍നെറ്റ് മേഖലയില്‍ മുമ്പെങ്ങും ഇല്ലാതിരുന്ന തരത്തിലുള്ള ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്നു സൂചന. സന്ദേശക്കൈമാറ്റവും ഫോണ്‍ കോളുകളും നടത്താവുന്ന ഓവര്‍ ദ ടോപ് (ഒടിടി) സേവനങ്ങള്‍ക്ക് ഇന്ത്യ ലൈസന്‍സ് ഏര്‍പ്പെടുത്തിയേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

കേന്ദ്ര ഐടി മന്ത്രാലയം താമസിക്കാതെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ടെലികമ്യൂണിക്കേഷന്‍സ് ബില്‍ 2022ല്‍ ആണ് പുതിയ മാറ്റങ്ങള്‍ വരിക. ബില്ലിന്റെ കരടു രൂപത്തില്‍ ആണ് ഇത്തരം പരാമര്‍ശം ഉള്ളത്. ടെലികമ്യൂണിക്കേഷന്‍ സര്‍വീസോ, ടെലികമ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്കോ നടത്തുന്ന കമ്പനി അതിന് ലൈസന്‍സ് സമ്പാദിച്ചിരിക്കണം എന്നാണ് പറയുന്നത്.

ബിൽ പാസായാൽ ആപ്പുകള്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നവരും കോള്‍ നടത്തുന്നവരും ഒക്കെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) ഫോം സമര്‍പ്പിക്കേണ്ടതായി വന്നേക്കാം. കരടു ബില്‍ പുറത്തുവിടുക വഴി ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെപ്പറ്റിയുള്ളഅഭിപ്രായം ആരായുകയാണ് കേന്ദ്ര വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് ചെയ്തിരിക്കുന്നത്. ടെലികമ്യൂണിക്കേഷന്‍ എന്ന വിഭാഗത്തിലേക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളെ കൂടെ എത്തിക്കാനാണ് സർക്കാർ ശ്രമം. ഇതോടെ വാട്‌സാപ്, സൂം, ഗൂഗിള്‍ ഡുവോ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്നവരും പുതിയ നിയമത്തിന്റെ പരിധിയില്‍ വന്നേക്കാം.

ടെലകോം കമ്പനികള്‍ വര്‍ഷങ്ങളായി ഉയര്‍ത്തി വന്ന ഒരു പ്രശ്‌നത്തിനായിരിക്കും ഇതോടെ പരിഹാരമാകുക-തങ്ങള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നു. അതേസമയം, ഒരു വിവരവും നല്‍കാതെ വാട്‌സാപ് പോലെയുളള സംവിധാനങ്ങള്‍ വഴി ഉപയോക്താക്കള്‍ക്ക് യഥേഷ്ടം കോളുകള്‍ നടത്തുകയും സന്ദേശം കൈമാറുകയും ചെയ്യാം.

അതിനൊരു മാറ്റം വരുത്തണം എന്നാണ് ടെലോകം കമ്പനികള്‍ ആവശ്യപ്പെട്ടു വന്നത്. ടെലികമ്യൂണിക്കേഷന്‍ സേവനദാതാക്കള്‍ എന്നതിന്റെ നിര്‍വചനം വിപുലപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ഒടിടി കമ്യൂണിക്കേഷൻ സര്‍വീസസ്, ഇന്റര്‍നെറ്റ്-കേന്ദ്രീകൃത സര്‍വീസസ്, ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് തുടങ്ങിയവയെല്ലാം പുതിയ ബില്ലിന്റെ പരിധിയില്‍ വന്നേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍.

തന്നെ ആരാണ് വിളിക്കുന്നത് എന്ന് അറിയാനുള്ള അവകാശം നല്‍കുകയാണ് ഓരോ ആള്‍ക്കും എന്നാണ് മന്ത്രി പറയുന്നത്. കെവൈസി വാങ്ങിക്കുന്നതിനാല്‍ നടത്തുന്ന കോളുകളെക്കുറിച്ചും, സന്ദേശത്തെക്കുറിച്ചും മുമ്പു സാധ്യമായിരുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സർക്കാറിനും അറിയാനായേക്കും.

വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിളി നടത്തുന്നുണ്ടെങ്കില്‍ അവയൊക്കെ നിയമത്തിന്റെ പരിധിയില്‍ വരണം എന്നാണ് സർക്കാറിന്റെ നിലപാട്. സാങ്കേതികവിദ്യ മാറിയതോടെ, വോയിസ് കോള്‍, ഡേറ്റാ കോള്‍ എന്ന രീതിയിലുള്ള വിഭജനം അർഥരഹിതമായി എന്നുംപറയുന്നു.

അടുത്ത ഒന്നര രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കോള്‍-സന്ദേശക്കൈമാറ്റ രീതിക്ക് സമ്പൂര്‍ണ മാറ്റം വരുമെന്ന സൂചനയാണ് മന്ത്രി വൈഷ്ണവ് നല്‍കിയത്. പുനര്‍രൂപീകരണമാണ് സർക്കാറിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ലോകത്തെ ഇടപാടുകള്‍ക്ക് പരിപൂര്‍ണ്ണമായി നവീകരിച്ച നിയമങ്ങള്‍ കൊണ്ടുവന്നേക്കും.

അതേസമയം, ലോകത്ത് വിവിധ രാജ്യങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്ത്യയില്‍ കോപ്പിയടിച്ചു നടപ്പാക്കാനല്ല ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറിച്ച് ഇന്ത്യ നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ലോകം നോക്കി പഠിക്കുകയാണ് ചെയ്യേണ്ടത്. അതൊരുവലിയ ലക്ഷ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മറ്റൊരു രാജ്യത്തും ഇല്ലാത്ത തരത്തിലുള്ള നിയമങ്ങള്‍ ഇന്ത്യ നടപ്പിലാക്കിയാല്‍ അത്ഭുതപ്പെടേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.