1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2017

 

സ്വന്തം ലേഖകന്‍: ‘ജാഡയല്ല, വേദനിച്ചപ്പോള്‍ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചതാണ്,’ ആരാധകന്‍ തല്ലിയതിനെതിരെ ചൂടായ ടൊവിനോയുടെ വിശദീകരണം. മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനിടെയായിരുന്നു സംഭവം. ടോവിനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവര്‍. കാറില്‍ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാള്‍ തന്നെ തല്ലിയെന്നായിരുന്നു ടോവിനോയുടെ ആരോപണം.

ഇതേത്തുടര്‍ന്ന് അയാളെ പിടിക്കാനും അയാളെന്തിനാണ് തല്ലിയതെന്ന് ചോദിക്കണമെന്നും എന്നിട്ടേ താന്‍ പുറത്തേക്കുള്ളൂവെന്നും താരം വിളിച്ചുപറയുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ടോവിനോയുടെ പെരുമാറ്റം വിമര്‍ശിക്കപ്പെട്ടു. സ്‌നേഹം കൊണ്ട് ഒന്ന് തൊട്ടതാകാമെന്ന് ചുറ്റുമുള്ളവര്‍ പറയുന്നുണ്ടെങ്കിലും അതു കേള്‍ക്കാതെ ചൂടായ ടോവിനോയുടെ പെരുമാറ്റം അതിരു കടന്നതായും കമന്റുകള്‍ വന്നു.

വീഡിയോയില്‍ താരത്തെ അടിക്കുന്നതൊന്നും കാണാനാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്ന് തൊടുക മാത്രമാണ് ചെയ്തതെന്ന് സ്‌ക്രീന്‍ ഷോട്ടിന്റെയും വീഡിയോയുടെയും സഹായത്തോടെ നവമാധ്യമങ്ങള്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ മൂക്കില്‍നിന്നും വായില്‍ നിന്നും ചോരയൊലിപ്പിച്ച് കിടക്കുന്ന മാതൃകയിലാണ് താരത്തിന്റെ പ്രകടനമെന്നും വിമര്‍ശനമുണ്ട്. ആരും തൊടുന്നതിഷ്ടമില്ലാത്തയാള്‍ പിന്നെന്തിന് ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെ സിനിമയുടെ പ്രമോഷനിറങ്ങുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല.

ടോവിനോയ്ക്ക് അഹങ്കാരമാണെന്നും ജാഡയാണെന്നും വരെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് താരം വിശദീകരണവുമായി എത്തിയത്. അഹങ്കാരമോ ജാഡയോ അല്ലെന്നും വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണെന്നും വിശദീകരിച്ചാണ് ഇപ്പോള്‍ ടോവിനോ എത്തിയിരിക്കുന്നത്. അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

നേരത്തെ ഒരു സ്വീകരണത്തില്‍ സിനിമാ തീയറ്ററില്‍ പിച്ചിയെന്ന് പറഞ്ഞ് ടോവിനോ ബഹളം വെക്കുകയും തെറി വിളിക്കുകയും ചെയ്ത വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടോവിനോയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍,

പ്രിയപെട്ടവരെ,

നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്. പ്രൊമോഷന് വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോള്‍ എത്രയോ പേര്‍ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു. ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്‌നേഹത്തിനു പകരം നല്‍കാനാവൂ. ഇതിനിടയില്‍ ചില മോശം അനുഭവങ്ങള്‍ കൂടിയുണ്ടായി. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.സിനിമയ്‌ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.