1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2015

അവസാന നിമിഷം വരെ നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ലോകകപ്പിലെ പുത്തന്‍ കുതിരകളായ അയര്‍ലന്‍ഡ് മറ്റൊരു കുഞ്ഞന്‍ ടീമായ യുഎഇയെ തകര്‍ത്തു വിട്ടു. ബ്രിസ്‌ബേനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുഎഇ 50 ഓവറില്‍ 278 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തെങ്കിലും അയര്‍ലന്‍ഡിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി.

മത്സരം അവസാനിക്കാന്‍ നാലു പന്തും രണ്ട് വിക്കറ്റുകളും ശേഷിക്കെ അയര്‍ലന്‍ഡ് വിജയതീരം അണയുകയായിരുന്നു. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ അട്ടിമറിച്ച് നിര്‍ത്തിയിടത്തുനിന്നാണ് അയര്‍ലന്‍ഡ് കളി തുടങ്ങിയത്. ക്യാപ്റ്റന്‍ വില്യം പേട്ടര്‍ഫീല്‍ഡും ഏഡ് ജോയ്‌സും ചേര്‍ന്ന് അതിസാഹസികതക്കൊന്നും മുതിരാതെ യുഎഇ യുടെ സ്‌കോര്‍ പിന്തുടര്‍ന്നെങ്കിലും ഇടക്ക് യുഎഇ മത്സരത്തില്‍ പിടിമുറുക്കി.

എന്നാല്‍ 25 പന്തില്‍ 50 റണ്‍സുമായി ബാറ്റിംഗ് വെടിക്കെട്ടു നടത്തിയ കെവിന്‍ ഒബ്രിയാന്‍ വിജയം യുഎഇയില്‍ നിന്ന് തട്ടിപ്പറിക്കുകയായിരുന്നു. ഒപ്പം ആറാമനായി ഇറങ്ങി 80 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഗാരി വില്‍സണ്‍ ഒബ്രിയാന് മികച്ച പിന്തുണയും നല്‍കി.

നേരത്തെ ലോകകപ്പില്‍ ഒരു യുഎഇ ബാറ്റ്‌സ്മാന്റെ ആദ്യ സെഞ്ചുറി സ്വന്തം പേരിലാക്കിയ ഷെയ്മന്‍ അന്‍വറിന്റെ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ വിരസമായിരുന്നു യുഎഇ യുടെ ബാറ്റിംഗ്. ഏഴാമനായിറങ്ങി 42 റണ്‍സ് നേടിയ അംജദ് ജാവേദിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ യുഎഇയുടെ നില പരുങ്ങലില്‍ ആകുമായിരുന്നു. അന്‍വറുമൊത്ത് ഏഴാം വിക്കറ്റില്‍ ജാവേദ് അടിച്ചെടുത്ത 107 റണ്‍സ് ഏഴാം വിക്കറ്റിലെ ലോകകപ്പ് റെക്കോര്‍ഡുമായി.

സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം കുറിച്ച യുഎഇയുടെ മലയാളി താരം റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഗാരി വില്‍സണാണ് കളിയിലെ കേമന്‍. ഈ ജയത്തോടെ പൂള്‍ ബിയില്‍ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അയര്‍ലന്‍ഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.