1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി അനില്‍ കുബ്ലെ കളി പഠിപ്പിക്കും. ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലയെ ബിസിസിഐ നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മുന്‍ താരങ്ങളായ അനില്‍ കുംബ്ലെയെയും രവി ശാസ്ത്രിയെയുമാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഒടുവില്‍ കുംബ്ലെയ്ക്ക് നറുക്കു വീഴുകയായിരുന്നു. ബൗളിംഗ്, ബാറ്റിംഗ് പരി?ശീലകരെ പിന്നീട് തീരുമാനിക്കും.

46 കാരനായ അനില്‍ കുംബ്ലെ കര്‍ണാടക സ്വദേശിയാണ്. വലംകൈയ്യന്‍ ബൗളറായ അനില്‍ കുംബ്ലെ 90കളില്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കുംബ്ലെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും നേടിയ താരമെന്ന റെക്കോര്‍ഡും കുംബ്ലെയുടെ പേരിലുണ്ട്. 2007 നവംബര്‍ മുതല്‍ 2008 നവംബര്‍ വരെ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. 132 ടെസ്റ്റ് മത്സരങ്ങളില്‍ കുംബ്ലെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 271 ഏകദിനങ്ങളിലും അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു.

പതിനെട്ട് വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിച്ച് 2008 നവംബറിലാണ് കുംബ്ലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 2012ല്‍ ഐ.സി.സിയുടെ ക്രിക്കറ്റ് കമ്മറ്റിയുടെ ചെയര്‍മാനായി നിയമിതനായ കുംബ്ലെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ ഉപദേശകനായിരുന്നു. 2015ല്‍ കുംബ്ലെയെ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ ബഹുമതി ലഭിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കുംബ്ലെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.