1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2017

സ്വന്തം ലേഖകന്‍: തുറച്ചു നോട്ടക്കാരന് കിട്ടിയത് എറണാകുളത്തെ ‘ഗവി’, ഫേസ്ബുക്കില്‍ തരംഗമായി നടി ദിവ്യപ്രഭയുടെ അനുഭവ കുറിപ്പ്. പതിനാല് സെക്കന്‍ഡ് തുറിച്ചുനോട്ടത്തെക്കുറിച്ചുള്ള ഋഷിരാജ് സിങ്ങിന്റെ അഭിപ്രായ പ്രകടനത്തെ കീറി ഒട്ടിച്ച സമൂഹ മാധ്യമങ്ങള്‍ക്ക് ഇതാ ഒരു തിരുത്ത്. ഈ നിയമത്തിന്റെ ശക്തി എന്താണെന്ന് ഒരു വായനോട്ടക്കാരന് ശരിക്കും പഠിപ്പിച്ചുകൊടുത്തിരിക്കുകയാണ് ടേക്ക് ഓഫിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നടി ദിവ്യപ്രഭ.

അമ്മയ്‌ക്കൊപ്പം പത്തനംതിട്ടയില്‍ നിന്നും എറണാകുളത്തേയ്ക്കുള്ള ബസ് യാത്രയിലാണ് ദിവ്യപ്രഭയെ ഒരു ഫ്രീക്കന്‍ ചെക്കന്‍ അസഹ്യമായ രീതിയില്‍ തുറിച്ചുനോക്കിയത്. എറണാകുളം വൈറ്റിലയില്‍ എത്തും വരെ തന്നെ നോക്കിക്കൊണ്ടിരുന്ന പയ്യനെ ദിവ്യപ്രഭ ചോദ്യം ചെയ്തു. എന്നാല്‍, നോക്കിയതല്ലെ ഉള്ളൂ ഒന്നും ചെയ്തില്ലല്ലോ എന്നായിരുന്നു മറുപടി. പോരാത്തതിന് തട്ടിക്കയറി ഒരു ഓട്ടോയില്‍ കയറി പോവുകയും ചെയ്തു.

എന്നാല്‍, വിട്ടുകൊടുക്കാന്‍ ദിവ്യപ്രഭ ഒരുക്കമായിരുന്നില്ല. വൈറ്റിലയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ അവനെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ‘ഇപ്പോള്‍ എറണാകുളത്തെ ‘ഗവി’യും അവന്‍ കണ്ടെന്നു വിശ്വസിക്കുന്നു. ഇപ്പോള്‍ മനസ്സിലായി 14 സെക്കന്‍ഡിന്റെ പ്രാധാന്യം ഈ ഡിസോര്‍ഡര്‍ ഉള്ള വല്ല ചെക്കന്മാരും ഉണ്ടെങ്കില്‍, ഇപ്പോഴെ പറയുവാണ്. എല്ലാ പെണ്‍കുട്ടികളും നിങ്ങളുടെ ഈ വൃത്തികെട്ട നോട്ടം ഒരു ലിമിറ്റ് കഴിഞ്ഞാല്‍ സഹിച്ചെന്നു വരില്ല. മൈന്‍ഡ് ഇറ്റ്,’ ദിവ്യപ്രഭ ഫേസ്ബുക്കില്‍ കുറിച്ചു.

ടേക്ക് ഓഫിനെക്കൂടാതെ നടന്‍, ഇതിഹാസ, വേട്ട എന്നീ ചിത്രങ്ങളിലും പരസ്പരം, അമ്മ മാനസം, ഈശ്വരന്‍ സാക്ഷിയായി എന്നീ പരമ്പരകളിലും ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്.

ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

ഇന്നലെ പത്തനംതിട്ടയില്‍ നിന്ന് എറണാകുളം വയറ്റില വരെഉള്ള ലോ ഫ്‌ളോര്‍ എ.സി. ബസ്സില്‍, കണ്ടാല്‍ ഒരു 25 വയസ്സ് തോന്നുന്ന ഒരു ചുള്ളന്‍ ന്യൂ ജെന്‍ ചെക്കന്‍. ഒപ്പം ഒരു കൂട്ടുകാരനും! എന്റെ ഓപ്പോസിറ്റ് ആയി സൈഡില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവന്‍ എന്നെ നോക്കി നോക്കി നോക്കി വളരെ ആസ്വദിച്ചാണ് ഇരിക്കുന്നത്. ഒരു മണിക്കൂര്‍ ഞാന്‍ സഹിച്ചു, ഇനി വല്ല സിനിമയിലും എന്നെ കണ്ട് പരിചയം തോന്നി നോക്കിയതാണെങ്കിലോ. പക്ഷേ പിന്നീട് ഞാന്‍ ശരിയ്ക്കും ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ മനസ്സിലായി അവന്റെ പ്രശ്‌നം എന്താണെന്ന്, സാധാരണയായി എന്നെ ഇങ്ങനെ നോക്കി കൊല്ലുന്നവരെ അവരുടെ നോട്ടം എനിയ്ക്ക് സഹിക്കാന്‍ പറ്റുന്നില്ല എന്ന് സൂചിപ്പിക്കണമല്ലോ. അതിനുവേണ്ടി തന്നെ തിരിച്ച് ഞാനും തറപ്പിച്ച് നോക്കാറുണ്ട്. പക്ഷേ അതൊന്നും ഇവിടെ വിലപ്പോയില്ല, ചെക്കന്‍ ഭീകരന്‍ ആണെന്ന് അപ്പോള്‍ മനസ്സിലായി. ഇടവിട്ട് രണ്ടുമൂന്ന് മിനിറ്റ് ഞാനും അവനെ നോക്കി. ദേഷ്യത്തിന്റെ പല വേര്‍ഷന്‍സും ഞാന്‍ അവനില്‍ അപ്ലൈ ചെയ്തു, ചെക്കന് ഒരു കൂസലും ഇല്ല.

അവന്‍ അവന്റെ പണി തുടര്‍ന്നു. അങ്ങനെ വൈറ്റലി എത്തുന്ന വരെ ഇവനെ സഹിച്ചതിന്റെ ഹാങ് ഓവറിന്റെ ഭാഗമായി ഇവനോട് തന്നെ ഇവന്റെ അസുഖം ഒന്ന് ചോദിച്ച് മനസ്സിലാക്കാം എന്ന് വിചാരിച്ചു. വൈറ്റില എത്തി ബസ്സ് ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ വളരെ സമാധാനത്തോടെ ചോദിച്ചു ‘മോനേ ഇത് എന്തൊരു നോട്ടമായിരുന്നു.? ഇത് സ്ഥിരം പരിപാടിയാണോ..?’ ഇത്രേ ചോദിച്ചുള്ളു.. പക്ഷേ ഇത് കേട്ടപാടെ അവന്‍ എന്റെ നേരെ ചാടിക്കയറുകയായിരുന്നു.., ‘നോക്കിയല്ലേ ഉള്ളു ഒന്നും ചെയ്തില്ലല്ലോ’ എന്നായിരുന്നു അവന്റെ റിപ്ലൈ! ഞാന്‍ ചോദിക്കും എന്ന് അവന്‍ വിചാരിച്ചു കാണില്ല, പക്ഷേ എന്റെ നേരെ അടിക്കാന്‍ വരുന്നപോലത്തെ അവന്റെ ബിഹേവിയര്‍ കണ്ടപ്പോള്‍ എനിക്ക് പിന്നെ സഹിക്കാവുന്നതില്‍ അപ്പുറം ആയി..

വടകരയില്‍ നിന്നും, പത്തനംതിട്ട ‘ഗവി’ കണ്ടിട്ട് തിരിച്ച് പോകുന്ന വഴി ആണത്രേ ചെക്കന്മാര്‍? ഉടനെ തന്നെ അവിടെ നിന്ന പൊലീസിനോട് കാര്യം പറഞ്ഞു, പക്ഷേ അപ്പോഴേയ്ക്കും അവന്‍ കടന്ന് കളഞ്ഞു. അവനെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കാന്‍ പറ്റാഞ്ഞ ഫ്രസ്‌ട്രേഷനിലും വിഷമത്തിലും ദേഷ്യത്തിലും യൂബര്‍, ഒല ഒക്കെ ഉപയോഗിക്കേണ്ടത് പോലും ഞാന്‍ മറന്നുപോയി. ഞാന്‍ അമ്മയേയും കൂട്ടി ഒരു ഓട്ടോ വിളിച്ചു അതില്‍ കയറി. ഓട്ടോ കുറച്ച് മുന്നോട്ട് എടുത്തപ്പോള്‍ ഓട്ടോയുടെ കണ്ണാടിയില്‍ ദേ ലവന്‍.., അവന്‍ ഒരു ഓട്ടോയില്‍ കയറാന്‍ പോകുന്നു. പിന്നെ ഒന്നും നോക്കിയില്ല, ഞാന്‍ കയറിയ ഒട്ടോയിലെ ഡ്രൈവര്‍ ചേട്ടനും വൈറ്റില ഹബ്ബിലെ ഓട്ടോ ചേട്ടന്മാരും എല്ലാംകൂടി ഓട്ടോ നിര്‍ത്തിച്ച് അവനേയും കൂട്ടുകാരനേയും പിടിച്ച് പോലീസിന്റെ മുന്നില്‍ കൊണ്ട് വന്നു. ബാക്കിയൊക്കെ ഊഹിക്കാമല്ലോ അല്ലേ?

എറണാകുളത്തെ ‘ഗവി’യും അവന്‍ കണ്ടെന്നു വിശ്വസിക്കുന്നു.
(ആദ്യമായാണ് നോട്ടം കൊണ്ട് ഞാന്‍ ഇത്ര ഇറിറ്റേഡായത്. ഇപ്പോള്‍ മനസ്സിലായി 14 സെക്കന്‍ഡിന്റെ പ്രാധാന്യം) : ഈ ഡിസോര്‍ഡര്‍ ഉള്ള വല്ല ചെക്കന്മാരും ഉണ്ടെങ്കില്‍, ഇപ്പോഴെ പറയുവാണ്. എല്ലാ പെണ്‍കുട്ടികളും നിങ്ങളുടെ ഈ വൃത്തികെട്ട നോട്ടം ഒരു ലിമിറ്റ് കഴിഞ്ഞാല്‍ സഹിച്ചെന്നു വരില്ല. മൈന്‍ഡ് ഇറ്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.