1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2017

സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി വ്യാജ വാര്‍ത്ത പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം, സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. പാരിസിലെ വിമാനാപകടത്തില്‍ ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് ചെയ്ത ഒരു ഫ്രഞ്ച് വെബ്‌സൈറ്റാണ് വ്യാജ വാര്‍ത്തക്ക് തുടക്കമിട്ടത്. മാത്രമല്ല ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ താരത്തിന്റെ മരണത്തില്‍ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് മരണ വാര്‍ത്ത തീപോലെ പടര്‍ന്ന് പിടിക്കുകയായിരുന്നു.

‘മകളുടെ പിറന്നാള്‍ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്തതായിരുന്നു ഷാരൂഖ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെട്ടു. താരത്തിന്റെ മരണത്തില്‍ ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ ഖേദം രേഖപ്പെടുത്തി. മാത്രമല്ല ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്,’ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് ന്യൂസായാണ് വെബ്‌സൈറ്റ് വാര്‍ത്ത പുറത്ത് വിട്ടത്. ജി 550 ജെറ്റിലാണ് ഷാരൂഖ് സഞ്ചരിച്ചിരുന്നത്. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ പാരീസില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്ത അറിഞ്ഞ് ഞെട്ടിയ താരത്തിന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ സഹായിയെ വിളിച്ച് വിവരം അന്വേഷിച്ചു. മുംബൈ ജോയിന്റ് കമ്മീഷണര്‍ ദേവന്‍ ഭാരതി അടക്കം വാര്‍ത്ത കണ്ട് ഷാരൂഖിന്റെ സഹായിയെ വിളിച്ച് വിവരം അന്വേഷിച്ചവരില്‍പ്പെടുന്നു.

സംഭവം ഗുരുതരമായതോടെ വാര്‍ത്ത വ്യാജമാണെന്ന വിശദീകരണവുമായി ഷാരൂഖിനോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. ഷാരൂഖിന് ഒരു കുഴപ്പമില്ല. അദ്ദേഹം മുംബൈയിലെ ലൊക്കേഷനിലുണ്ടെന്നും താരത്തിനോട് അടുപ്പമുള്ളവരും സഹായികളും വെളിപ്പെടുത്തിയതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്പ നേരത്തേക്കെങ്കിലും ആരാധകരെ പരിഭ്രാന്തരാക്കിയ വ്യാജ വാര്‍ത്തയുടെ ഉറവിടം ഇനിയും വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.