1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2016

സ്വന്തം ലേഖകന്‍: മാധവിക്കുട്ടിയുടെ ജീവചരിത്ര സിനിമ വിവാദമാകുന്നു, ജീവചരിത്രകാരി മെറിലി വെയ്‌സ്‌ബോര്‍ഡിനെതിരെ സംവിധായകന്‍ കമലും മാധവിക്കുട്ടിയുടെ മകനും രംഗത്ത്. മാധവിക്കുട്ടിയെക്കുറിച്ചു സിനിമ ചെയ്യുന്ന സംവിധായകന്‍ കമലിനെതിരെ എഴുത്തുകാരി മെറിലി വെയ്‌സ്‌ബോര്‍ഡ് എഴുതിയ തുറന്നകത്ത് അസത്യങ്ങളും അര്‍ധസത്യങ്ങളും മാത്രമാണെന്ന് മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യ നാലപ്പാട്ട് മാതൃഭൂമി ഡോട്‌കോമിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മെറിലി മനസ്സിലാക്കിയ മാധവിക്കുട്ടിയല്ല ശരിയായ കമലാദാസ്. അവരെന്തു പറഞ്ഞാലും മലയാളിക്ക് തങ്ങളുടെ സ്വന്തം കമലയെ അറിയാം, അവരുടെ മനസ്സിലാണ് കമല ജീവിക്കുന്നത്. വിവാദം ആ യശസ്സിന് മങ്ങലേല്‍പ്പിക്കില്ല. അനാവശ്യ വിവാദങ്ങളിലേക്ക് അമ്മയെ വലിച്ചിഴക്കരുതെന്നും ജയസൂര്യ വ്യക്തമാക്കി. മെറിലി പറയുന്ന കാര്യങ്ങള്‍ പലതും വാസ്തവവിരുദ്ധമാണ്. വിവാദങ്ങളില്‍ താല്‍പര്യമില്ലാത്തതിനാല്‍ അതിലേക്കു കടക്കുന്നില്ല. വിവാദങ്ങള്‍ക്കതീതയാണ് കമലാദാസ് എന്ന എഴുത്തുകാരി. വില കുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് മെറിലി ശ്രമിക്കുന്നത്. വിവാദമുണ്ടാക്കി നേട്ടം കൊയ്യാനുള്ള അവരുടെ ശ്രമങ്ങളെ അവഗണിക്കുന്നു. ജയസൂര്യ പറഞ്ഞു.

ആമി എന്ന തന്റെ സ്വപ്നസിനിമയെക്കുറിച്ച് ‘ചിത്രഭൂമി’ ക്കു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞ ഒരു പരാമര്‍ശത്തില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ‘മാധവിക്കുട്ടിയോടൊപ്പം അതിഥിയായി താമസിച്ച് പുസ്തകം എഴുതിയ മെറിലി വെയ്‌സ്‌ബോഡിന്റെ കൃതിയും ഞാന്‍ വായിച്ചു. പ്രണയത്തിന്റെ രാജകുമാരി എന്ന ആ ഗ്രന്ഥത്തില്‍ ഒരുപാട് ഇല്ലാക്കഥകള്‍ ഉണ്ടായിരുന്നു…’ എന്നായിരുന്നു കമലിന്റെ പരാമര്‍ശം. അതാണ് ഗ്രന്ഥകാരിയായ മെറിലി വെയ്‌സ്‌ബോര്‍ഡിനെ ചൊടിപ്പിച്ചത്.

കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി താന്‍ എഴുതിയ ‘പ്രണയത്തിന്റെ രാജകുമാരി’ (ദ ലവ് ക്വീന്‍ ഓഫ് മലബാര്‍) എന്ന പുസ്തകത്തെ കമല്‍ ആക്രമിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും കമലാദാസുമായി എഴുപത് മണിക്കൂര്‍ നീണ്ട സംഭാഷണത്തിനൊടുവിലാണ് താന്‍ പുസ്തകം തയ്യാറാക്കിയതെന്നും മെറിലി പറഞ്ഞു. ഇതിന്റെ ശബ്ദരേഖ കോണ്‍കോര്‍ഡിയ സര്‍വകലാശാലയില്‍ ലഭ്യമാണെന്നും യഥാര്‍ഥ വസ്തുതകള്‍ പുറത്തുവന്ന് കമലയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേശരുതെന്ന കുടുംബത്തിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരിക്കാം കമലെന്നും മെറിലി പറഞ്ഞു.

അതോടെ ആ പുസ്തകം മാധവിക്കുട്ടിയെ ലൈംഗികതൃഷ്ണയുള്ള സ്ത്രീയായി ചിത്രീകരിക്കുന്നതാണെന്ന് കമല്‍ തിരിച്ചടിക്കുകയും ചെയ്തു. വിദ്യാ ബാലനെ നായികയാക്കിയാണ് കമല്‍ ആമി എന്ന ചിത്രം ഒരുക്കുന്നത്. ഡിസംബറില്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.