1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2017

സ്വന്തം ലേഖകന്‍: 1000 കോടി ബജറ്റില്‍ ഇന്ത്യയിലെ ചെലവേറിയ ചിത്രമായി എംടിയുടെ രണ്ടാമൂഴം വരുന്നു, ഭീമനായി മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീമന്റെ കാഴ്ചപ്പാടിലാകും ചിത്രമൊരുങ്ങുക. മഹാഭാരത എന്നാണ് സിനിമയുടെ പേര്. ലോക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയാണ്.

ആയിരം കോടി മുടക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനോണ് രണ്ടാമൂഴം സംവിധാനം ചെയ്യുന്നത്. 2018 സെപ്റ്റംബറില്‍ സിനിമയുെട ചിത്രീകരണം ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്‌ശേഷം രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. കേന്ദ്രകഥാപാത്രമായ ഭീമനെ, താന്‍ അവതരിപ്പിക്കുമെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റില്‍ വെളിപ്പെടുത്തി.

മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നാണ് രണ്ടാമൂഴം. മഹാഭാരതത്തെ ഭീമനെ മുന്‍നിര്‍ത്തി അവതരിപ്പിച്ച നോവല്‍ എം.ടി.വാസുദേവന്‍ നായരുടെ എക്കാലത്തെയും മികച്ച കലാസൃഷ്ടിയായാണ് കരുതപ്പെടുന്നത്. ഫെയ്‌സ്ബുക്കിലെ വീഡിയോയില്‍ രണ്ടാമൂഴം സിനിമയായി അവതരിപ്പിക്കുന്നതിന്റെ സന്തോഷം മോഹന്‍ലാല്‍ പങ്കുവച്ചു. ‘ആരാധ്യനായ എഴുത്തുകാരനും ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായ എം.ടി.വാസുദേവന്‍ നായര്‍ ഓരോ മലയാളിയുടെയും ഇന്ത്യക്കാരന്റെയും അഭിമാനമാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ചതും ഇതിഹാസങ്ങളില്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്നതുമായ നോവലാണ് രണ്ടാമൂഴം’ മോഹന്‍ ലാല്‍ പറഞ്ഞു.

എത്ര തവണ ഈ നോവല്‍ വായിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും, വളരെ മുന്‍പ് തന്നെ രണ്ടാമൂഴത്തിന് ദൃശ്യാവിഷ്‌കാരം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘ഏറെക്കാലമായി രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം വേണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ടാമൂഴം സിനിമയാകുന്നുവെന്ന് പറഞ്ഞപ്പോള്‍ മുതല്‍ എന്റെ പേര് തന്നെ ഭീമനായി ഉയര്‍ന്നുകേട്ടതില്‍ അഭിമാനമുണ്ട്. ആ കഥാപാത്രത്തിന് എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ശ്രീ എം.ടി. സാറിനോട് നന്ദി പറയുന്നു’വെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

‘ഈ ഇതിഹാസ സിനിമ ലോക പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് എല്ലാ സാങ്കേതിക മികവും ചേര്‍ന്നാകണം. അവിടെയാണ് ഭാരതത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതാന്‍ പര്യാപ്തമായ സിനിമയ്ക്ക് ആയിരം കോടി നിക്ഷേപിക്കാന്‍ തയ്യാറായി മുന്നോട്ട് വന്ന വി.ആര്‍.ഷെട്ടിയെന്ന ആഗോള സംരംഭകന്റെ ദീര്‍ഘവീക്ഷണത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു’വെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ അറിയിച്ചു.

രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി.എ.ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം’ എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ് തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പെന്നും ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ടെന്നും എം.ടി.പ്രതികരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല ചില ഹോളിവുഡ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.