1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2017

സ്വന്തം ലേഖകന്‍: കേരളത്തിലെ നഴ്‌സുമാരുടെ കുറഞ്ഞ വേതനം 17,500 രൂപയാക്കാമെന്ന് സമിതി, സുപ്രീം കോടതി ശുപാര്‍ശ അംഗീകരിക്കും വരെ സമരം തുടരുമെന്ന് നഴ്‌സുമാര്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 17,200 രൂപയാക്കാന്‍ മിനിമം വേതന സമിതി തീരുമാനിച്ചു. നേരത്തെ 8775 രൂപയായിരുന്നു. അലവന്‍സ് ഉള്‍പ്പെടെ നഴ്‌സുമാര്‍ക്കു ശരാശരി 20,806 രൂപ ശമ്പളമായി ലഭിക്കും.

എന്നാല്‍, സുപ്രീം കോടതി ശുപാര്‍ശ ചെയ്ത 27,800 രൂപ അനുവദിക്കാത്തതിലും ട്രെയിനി നഴ്‌സുമാരുടെ കാര്യത്തില്‍ തീരുമാനം എടുക്കാത്തതിലും പ്രതിഷേധിച്ച് സമരം ശക്തിപ്പെടുത്തുമെന്നു നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു. നേരത്തെ നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്!മെന്റുകള്‍ ഉടനെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചു.

സമരം ചെയ്യുന്ന നഴ്‌സുമാരുടെ പ്രതിനിധികള്‍, ആശുപത്രി മാനേജ്‌മെന്റുകള്‍ എന്നിവരുമായി തൊഴില്‍, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അലവന്‍സ് ഉള്‍പ്പെടെ ജനറല്‍ നഴ്‌സുമാരുടെ ശമ്പള നിരക്ക് താഴെ പറയും പ്രകാരമാണ്. 20 കിടക്ക വരെ – 18,232 രൂപ, തുടര്‍ന്ന് 100 കിടക്ക വരെ– 19,810 രൂപ, തുടര്‍ന്ന് 300 കിടക്ക വരെ– 20,014 രൂപ, 301 മുതല്‍ 500 കിടക്ക വരെ– 20,980 രൂപ, തുടര്‍ന്ന് 800 കിടക്ക വരെ– 22,040 രൂപ, 800 കിടക്കയ്ക്കു മുകളില്‍ – 23,760 രൂപ.

മിനിമം വേജസ് സമിതി നിശ്ചയിച്ച ശമ്പളവര്‍ധന അംഗീകരിക്കാനാകില്ലെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു. ചൊവ്വാഴ്ചമുതല്‍ നിസ്സഹകരണം ഉള്‍പ്പെടെ കടുത്ത സമരനടപടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടനകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. മാനേജുമെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാരിന് ചെയ്യാവുന്ന പരമാവധിയാണ് ചെയ്തിരിക്കുന്നതെന്നും സമരത്തില്‍നിന്ന് നഴ്‌സുമാര്‍ പിന്മാറണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.