1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2016

സ്വന്തം ലേഖകന്‍: കുടിവെള്ളം തരാന്‍ പോലും അധികൃതരില്ല, റിയോയില്‍ നിന്ന് പിടിപ്പുകേടിന്റെ ഞെട്ടിക്കുന്ന കഥയുമായി മലയാളി കായികതാരം. 42 കിലോമീറ്ററില്‍ മത്സരിച്ച മലയാളി താരം ഒപി ജെയ്ഷയാണ് ഇന്ത്യന്‍ സംഘത്തിന്റെ ഉത്തരവാദിത്വം ഇല്ലായ്മയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

റിയോയില്‍ 42 കിലോ മീറ്റര്‍ മാരത്തോണ്‍ രണ്ടു മണിക്കൂര്‍ 47 മിനിട്ടുകൊണ്ടാണ് ജെയ്ഷ് ഓടിയെത്തിയത്. ശരീരത്തിലെ ജലനഷ്ടം മൂലം ക്ഷീണിച്ച് അവശയായി ഫിനിഷിങ് പോയിന്റിലെത്തിയ ജെയ്ഷ ബോധംകെട്ട് വീഴുകയായിരുന്നു. മത്സരശേഷം ഏഴ് ബോട്ടില്‍ ഗ്ലൂക്കോസാണ് ജെയ്ഷയ്ക്ക് ഡ്രിപ്പായി നല്‍കേണ്ടി വന്നത്.

42 കിലോ മീറ്ററിലെ ഓരോ രണ്ടര കിലോ മീറ്ററിലും അതത് രാജ്യങ്ങള്‍ തങ്ങളുടെ ഓട്ടക്കാര്‍ക്കായി വെള്ളവും ഗ്ലൂക്കോസും ബിസ്‌ക്കറ്റുകളും എനര്‍ജി ജെല്ലുകളുമെല്ലാം കരുതി കാത്തുനില്‍ക്കുമ്പോഴാണ് ഈ അവസ്ഥ. ഇന്ത്യന്‍ ഡസ്‌കുകളില്‍ രാജ്യത്തിന്റെ പേരെയഴുതിയ ബോര്‍ഡും ദേശീയപതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലും താരങ്ങള്‍ക്കായി കരുതിയിരുന്നില്ലെന്ന് ജെയ്ഷ പറയുന്നു.

ഫിനിഷിംഗ് പോയിന്റില്‍ തളര്‍ന്നു വീണപ്പോള്‍ സഹായത്തിനെത്തിയത് ഒളിമ്പിക് കമ്മറ്റിയുടെ മെഡിക്കല്‍ സംഘം മാത്രമായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഡോക്ടറെ ആ പരിസരത്തെങ്ങും കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ജെയ്ഷ്‌യുടെ സഹതാരങ്ങളും പറയുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകള്‍ സജ്ജീവമായിരുന്നെങ്കിലും അവിടെ നിന്നും വെള്ളമോ മറ്റ് വസ്തുക്കളോ സ്വീകരിച്ചാല്‍ മത്സരത്തില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.

തുടര്‍ന്ന് എട്ട് കിലോമീറ്റര്‍ പിന്നിടുന്ന സ്ഥാനങ്ങളില്‍ ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരുന്ന കൗണ്ടറുകളില്‍ നിന്ന് മാത്രമാണ് ജെയ്ഷയ്ക്ക് വെള്ളം കിട്ടിയത്. എന്നാല്‍, അവിടെയും ഇന്ത്യന്‍ സംഘം സഹായത്തിനുണ്ടായിരുന്നില്ല എന്നതാണ് ദയനീയം. ടീം ഇന്ത്യയെ സഹായിക്കാനെന്ന പേരില്‍ റിയോയില്‍ എത്തപ്പെട്ട സംഘം ഈ സമയങ്ങളില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് അവധിക്കാലം ആഘോഷിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.