1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2017

സ്വന്തം ലേഖകന്‍: കേരളത്തിലെ നഴ്‌സുമാരുടെ സമരം പത്താം ദിവസത്തിലേക്ക്, അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്മാറില്ലെന്ന് ഉറച്ച് നഴ്‌സുമാര്‍. ശമ്പള വര്‍ധന ഉള്‍പ്പെടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെയും (യു.എന്‍.ഐ) ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും (ഐ.എന്‍.എ) നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിന് സമരം നടത്തുന്നത്.

ജൂണ്‍ 28 ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബാണ് നിരാഹാരം ആരംഭിച്ചത്. ആറുദിവസം പിന്നിട്ടപ്പോള്‍ ശാരീരിക അസ്വാസ്ഥ്യം കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ മൂന്നിനു നിരാഹാരസമരം ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി സനല്‍ സെബാസ്റ്റിയന്‍ ഏറ്റെടുത്തു.

ഈ മാസം നാലിന് തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ശമ്പള വര്‍ധന അസോസിയേഷന്‍ ചര്‍ച്ച ചെയ്തിരുന്നു. അന്തിമ തീരുമാനം ഈ മാസം 10നാ യിരിക്കും എന്നറിയിച്ചതിനാല്‍ നിരാഹാര സമരവും കണ്ണൂരിലെ നഴ്‌സുമാരുടെ പണിമുടക്കുമായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ മുന്നോട്ടു പോകുകയാണ്.

അതിനിടെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൂപ്രീംകോടതി വിധി അനുസരിച്ചുളള വേതന വ്യവസ്ഥ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം എട്ട് ദിവസം പിന്നിട്ടു. ധനലക്ഷ്മി, കൊയിലി, സ്‌പെഷ്യാലിറ്റി, ആശിര്‍വാദ്, തളിപ്പറമ്പ് ലൂര്‍ദ് എന്നീ ആശുപത്രികളിലാണ് നഴ്‌സുമാരുടെ സമരം നടക്കുന്നത്.

നേരത്തെ കേരളത്തില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചിരുന്നു. നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ പതിനൊന്നംഗ സമിതിക്കു രൂപം നല്‍കിയതായും അടുത്ത മാസം ഒന്നു മുതല്‍ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമുള്ള ശമ്പളവര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നിരാഹാരസമരവും കണ്ണൂരിലെ നഴ്‌സുമാരുടെ പണിമുടക്കും തുടരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.